Thursday, September 5, 2013

ഗുരു

എട്ടാം ക്ലാസ് വരെ മലയാളം പഠിച്ചൊള്ള്
എന്നിട്ടും ആ വിടവ് ജീവിതത്തില്‍ കണ്ടില്ല

പത്താം ക്ലാസ് വരെ മര്യാദയ്ക്ക് പഠിച്ചൊള്ള്
എന്നിട്ടും ആ വിടവ് ജീവിതത്തില്‍ കണ്ടില്ല

ഉമ്മയും ഉപ്പയും അധ്യാപകരും ചേട്ടനും
കൂട്ടുകാരും ഒക്കെ
പഠിച്ച പണി പതിനാറും നോക്കി
ജീവിതവും ജീവിത-പാഠവും പഠിപ്പിക്കാന്‍
എന്നിട്ടും പഠിച്ചില്ല.

എന്നിട്ടും
ആ വിടവ് ജീവിതത്തില്‍ കണ്ടില്ല

ഗുരുക്കന്മാരെ.....
ശിക്ഷണമൊത്ത് വളരാത്തതിന്
തീര്‍ത്താല്‍ തീരാത്ത ദേഷ്യം തോന്നിച്ചിട്ടും
ശിക്ഷിക്കാതെ വിട്ട നിങ്ങളോട്
തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്.

ഈ ജീവിതം തന്നെ ദക്ഷിണ തന്നാലും
തീരില്ല
ഗുരുകുലത്തോടുള്ള കടപ്പാട്.

നന്ദി ചൊല്ലുന്നു.
നന്ദി ചൊല്ലുന്നു.
നന്ദി ചൊല്ലുന്നു.

Monday, August 26, 2013

ഇരുപത്തഞ്ച്

ഉടയ തമ്പുരാനേ...
ഉപ്പാ
ഉമ്മാ
കൂടപ്പിറപ്പുകള്‍
കൂട്ടുകാര്‍.,.
കാല്‍ നൂറ്റാണ്ട്
കാരുണ്യവും
കൂട്ടും
കുളിര്‍മയും 
ഒരുക്കിയതിന്,
കൃതജ്ഞത!

Thursday, August 22, 2013

ചരമംഅസ്രായീലും
കാലനും
ഇന്ത്യ വിട്ടു.
അവിടെ
ശശിയും
നൗഷാദും
ഷാജിയും
പിന്നെ
ആത്മാഹുതിയും
രാഷ്ട്രപതിയുമാണ്
കാര്യങ്ങള്‍ 
തീര്‍പ്പെന്ന് കണ്ടെത്തി.
വയ്യാവേലയെടുക്കാനൊ-
ക്കില്ലെന്നാണ്
വിടുതല്‍ ഹരജിയില്‍
പറഞ്ഞത്.

സ്വാതന്ത്ര്യം

എന്നിട്ടുമിപ്പോഴും
സ്വാതന്ത്ര്യത്തിനു 
വേണ്ടിഉള്ള 
നിലവിളികള്‍
നിലയ്ക്കാത്തതെന്താണ്?

ഒരിറ്റു പ്രകാശത്തിനു വേണ്ടി
ഒരു ആയുഷ്ക്കാലം മുഴുവന്‍
ഇരുട്ടിലലയുന്നതെന്തിനാണ്.

കവിത

തുണ്ടം
തുണ്ടമാക്കി
ജീവിതം
പലര്‍ക്കു
ജീവിക്കുമ്പോള്‍;
തുണ്ടം
തുണ്ടമാക്കി
വാക്കുകള്‍
പലതും
എഴുതാന്‍
കഴിയാതെ
വരുന്നതാണ്.

കവികളെന്ന്
പറഞ്ഞവരെപ്പോഴും
കവിതകളെഴുതാറില്ല.
വാക്കടുക്കി വെയ്ക്കുന്നതി-
നിടയ്ക്ക്
ജീവിതത്തിനും
അടുക്കും ചിട്ടയും
വരയ്ച്ചീടണം.

മാപ്പ്'നരി'യും
'പുലി'യും
'സിംഹ'വുമെല്ലാം
സ്വാതന്ത്ര്യത്തെ
ഏതു വിധേയനയും
കൊന്നു കുഴിച്ച് മൂടാമെന്ന്
ആര്‍ക്കൊക്കെയൊ 
വാക്ക് കൊടുത്ത് പോയി. 

മാപ്പ്
മക്കളെ
മാപ്പ്
ഇവിടെ ഉള്ളിക്ക് വിലയുണ്ട്
ഉള്ളിലെ പ്രാണന് വിലയില്ല


Wednesday, May 8, 2013

അതിഥി

'അതിഥി'-
യായെത്തുന്ന 
കുഞ്ഞുകിനാവുകളെ 
ഭേദ്യം ചെയ്തും 
ഭോഗം ചെയ്തും 
കൊന്നുതിന്നുന്നവര്‍ 
അമ്മയല്ല. 
അച്ഛനല്ല. 
ഗുരുവല്ല... 
മനുഷ്യനെന്ന 
കോലത്തില്‍ 
ജന്മം 
കൊണ്ടതാണ്.

Thursday, May 2, 2013

വീരപുത്രന്‍


മന്‍മോഹന്‍ ജീ,
ഭ്രാന്തന്മാരായ തടവുകാരുടെയല്ല,
ഭ്രാന്തു പിടിച്ച
നിയമവാഴ്ച്ചയുടെ
അതിക്രൂരമായ
അനീതിയാല്‍
ഇഞ്ചിഞ്ചായി
മരണം വരിക്കുന്ന
ഇന്ത്യക്കാരുണ്ടി-
ന്നാട്ടിലെ അഴികള്‍ക്കു പിന്നില്‍!,.!

പറയണമവരു മരിക്കുമ്പോഴും
വീരപുത്രന്മാര്‍ !!!

Wednesday, April 3, 2013

ലാപ്പ്ടോപ്പ്

ഉറക്കമില്ലാത്ത രാവില്‍
കിനാവിന്റെ തേന്‍‌മലരില്‍ ചാലിച്ച
നിന്റെ ഒരു ചുമ്പനം കൊണ്ട്
മയക്കത്തിലേക്കെന്നെ,
തള്ളിയിടണം
പിശാശേ,...

മുഹബ്ബത്തിന്റെ
അഗാധമായ ഗര്‍ത്ഥത്തില്‍,
കണ്ണുകാണാതെ
തപ്പിതടയുമ്പോള്‍
നിലാവിന്റെ ഒരു തിരി കത്തിച്ച്
നീയെനിക്കരികിലുണ്ടാകണം
പിശാശേ,,...

കരിഞ്ഞുണങ്ങി
വറ്റിവരണ്ട
ഈ യാത്രയില്‍
ചുറ്റുപാടും പേടിപ്പിക്കുന്ന എകാന്തത കൊണ്ട്
പീഡിപ്പിക്കുമ്പോള്‍
ഒരു തിരി തണലെങ്കിലും
നിന്റെ കൈകള്‍ കൊണ്ട്
എനിക്കേകുക പിശാശേ,...

(എപ്പോഴും കൂടെയുള്ള ലാപ്പ്ടോപ്പിന് സമര്‍പ്പണം)

Wednesday, March 6, 2013

നാടും നാടോടിയും


തെരുവിലുറങ്ങിയ
അമ്മച്ചൂടില്‍ നിന്നും
പറിച്ചെടുത്ത്
പിച്ചിചീന്തി,
തെരുവില്‍ തന്നെ
വലിച്ചെറിഞ്ഞത്
കൊണ്ടായിരിക്കണം,
നാട്
കൊണ്ടാടാതിരുന്നത്.

തുഞ്ചന്‍ പറമ്പുള്ള
നാടായിരുന്നു.
നാടോടിയായിരുന്നത്
കൊണ്ടായിരിക്കണം,
നാട്
കൊണ്ടാടാതിരുന്നത്.

മനുഷ്യത്വം മരിച്ചത്
കൊണ്ടായിരിക്കണം;
മനസ്സിലും
ഉറുമ്പരിക്കുന്നത്
കൊണ്ടായിരിക്കണം,
കുഞ്ഞിളം
ശരീരത്തിലു-
റുമ്പരിക്കുന്നുണ്ടായിരുന്നത്!

Tuesday, February 26, 2013

അപരിചിതത്ത്വം


നിലാവിനിടയ്ക്ക്
വല്ലാത്തൊരു
അപരിചിതത്ത്വമാണ്.
മഴമേഘമെന്നോ
പൊടിക്കാറ്റെന്നോ
കരുതി
കോരിചൊരിയുമെന്നോ
മണല്‍തരികള്‍ കൊണ്ട്
ശരീരത്തെ കുത്തിനോവിക്കുമെന്നൊ
കരുതി
വിചനവീഥികളിലാ-
രെങ്കിലും തണല്‍ തരുമെന്നോവേ-
തെങ്കിലും തണല്‍ കിട്ടുമെന്നോ
കരുതി
മഞ്ഞുമൂടിയ പ്രഭാതങ്ങളിലേക്ക്
മരീചിക കണക്കെ മറഞ്ഞില്ലാതാകുന്ന
മനുഷ്യകോലമെന്ന്
കരുതി

നിലാവിനിടയ്ക്ക്
വല്ലാത്തൊരു
അപരിചിതത്ത്വമാണ്.

Sunday, February 17, 2013

ചരമം

അസ്രായീലും
കാലനും
ഇന്ത്യ വിട്ടു.
അവിടെ
ശശിയും
നൗഷാദും
ഷാജിയും
പിന്നെ
ആത്മാഹുതിയും
രാഷ്ട്രപതിയുമാണ്
കാര്യങ്ങള്‍
തീര്‍പ്പെന്ന് കണ്ടെത്തി.
വയ്യാവേലയെടുക്കാനൊ-
ക്കില്ലെന്നാണ്
വിടുതല്‍ ഹരജിയില്‍
പറഞ്ഞത്.

Tuesday, January 8, 2013

നഷ്ടപ്പെട്ടത്


ഉടുപ്പും
നടപ്പും
പഠിപ്പും
ഒന്നുമല്ലെന്ന്..!
എനിക്കും
നിങ്ങള്‍ക്കുമെല്ലാം
ഇല്ലാതെ പോയത്
നല്ലൊരു അചഛനും
നല്ലൊരു അമ്മയും
നല്ലൊരു ഗുരുവുമാ-
യിരിക്കണം.!

Thursday, December 20, 2012

ഗുജ്റാത്ത്


ബാക്കിയെ-
ല്ലാറ്റിനേം
ത്രിശൂലത്തില്‍ കോര്‍ത്തും
പച്ചക്ക് കൊളുത്തിയും
ഗര്‍ഭപാത്രത്തില്‍
നിന്നുപോലും പുറത്തെടുത്ത്
കൊന്നുകളഞ്ഞില്ലെ.

വിരല്‍ തുമ്പ് കൊണ്ടല്ല.
വിപ്ലവ വീര്യം കൊണ്ടുമല്ല.
ഒരു ജനതയെ
ചതിച്ച്
നിങ്ങള്‍
നെയ്തെടുത്ത
നിങ്ങളുടെ കുപ്പയത്തിന്
ഒരു മോഡിയുമില്ല.

അന്തരം


മനുഷ്യത്വം
അധ:പതിച്ചാല്‍
മൃഗീയതയാണെങ്കില്‍
ബുദ്ധിയും വിവേകവുമില്ലാത്ത
ഞങ്ങള്‍
നാശം വിധച്ചാല്‍
വംശം
മനുഷ്യത്വമായി
കണക്കാക്കണമെന്നിന്നലെ
ദൈവത്തിങ്കല്‍
ഒരു കൂട്ടം മൃഗങ്ങള്‍
ഹരജി സമര്‍പ്പിച്ചു.

Tuesday, December 18, 2012

ജന്മം


സഹിച്ചേ പറ്റൂ.
നൊന്ത് പെറ്റ അമ്മ
കുറേ സഹിച്ച്,
വളര്‍ന്നപ്പോള്‍ അച്ഛന്‍.,
പിന്നെ വീടകം,,
നാട്...
സമൂഹം,,,
മരിച്ച് മണ്ണടിഞ്ഞ്
അസ്ഥികള്‍ പിന്നെ
എണ്ണയും
ഡീസലുമൊക്കെയായി..
അപ്പോഴും
മലിനീകരണം,,
നാശം പിടിച്ച
ജന്മങ്ങള്‍ !!

മഴയുടെ രണ്ടാമൂഴം


വയ്യെനിക്കിനി
വാക്കുകളാല-
മ്മാനമാടാന്‍...,
പേര്‍ത്തും
പതുങ്ങിയും
വന്നൊരു
മഴയുടെ നനവില്‍
മനം നിറയെ
നിര്‍മാതളം പൂക്കുമെ-
ന്നാരാ പറഞ്ഞത്..?
മാന-മിരുണ്ടത് മിച്ചം
പെയ്തൊഴിഞ്ഞത് തുച്ചം.


Thursday, December 13, 2012

ജീവിതമെന്നത്

കണ്ടിട്ടില്ലെ... 
കുന്നുപോലെ 
ചിതല്‍ കൂടാരമൊരുക്കിയാലും
പെട്ടന്നൊരു മഴ വന്നതിനെ 
ഒഴുക്കിക്കളയുന്നത്!

നാണയങ്ങള്‍ നമ്മളിനിയും
കൂട്ടിവെക്കും
കൂട്ടിനും കുടുംബത്തിനും..
കൂടാന്‍ നേരമായിരിക്കും
കൂട്ടിവെച്ചതെല്ലാം
വെറും നാണയങ്ങളായിരുന്നെന്ന് 
അറിയുന്നത്.
കൂട്ടിവെച്ചതെല്ലാം
കിനാവുകളായിരുന്നുവെന്നറിയുന്നത്.

തൊണ്ടക്കുഴിയില്‍ ഈ 
ജീവനും
കുപ്പായത്തിന്റെ 
മൂന്നാം കുടുക്കിനു പിന്നില്‍
എനിക്കു വേണ്ടി 
മിടിക്കുന്ന
പല ഹൃദ്യയങ്ങളുമി-
ല്ലായിരുന്നെങ്കില്‍
ജീവിതമെന്ന് 
ഞാനിതിനെ 
വിളിക്കുമായിരുന്നില്ല!

Wednesday, December 12, 2012

മഞ്ഞ്


ശൂന്യതയിലൂടെ
നീ വെട്ടി തെളിച്ച പാതകളാണ്,
യാത്രയിലൊടുക്കം
ഒരു തുരുത്തുണ്ടെന്ന്
പഠിപ്പിച്ചത്...
നാഥാ,,,
നീ
വരച്ചെടുത്ത
ഈ സൗന്ദര്യം
എത്ര മനോഹരം!

(ജോലിക്ക് പോകും വഴി മഞ്ഞുമൂടിയ ഒരു പ്രഭാതം)


Thursday, December 6, 2012

ബാബരിയുടെ ഓര്‍മ്മഎന്നിട്ടും,
ആര്‍ക്കുവേണ്ടിയാണ്
ആര്‍ക്കുവേണ്ടിയായിരുന്നു
അവരുടെ മൗനമെന്ന്;
നിഷ്ഠൂരമായി
കൊലചെയ്യപ്പെട്ട
ആത്മാക്കള്‍ ചോദിക്കുന്നു...!

ആത്മാവുള്ള ഒരു വാക്ക്,
വേദനിപ്പിക്കുന്ന ഒരു വാക്ക്
മാന്യമായൊരു വാക്ക്,
ക്രോധത്തിന്‍െറ ഒരു വാക്ക്...

ഈ ലോകം നശിക്കുമെന്ന്
വിളംബരപ്പെടുത്തുന്ന ഒരു -
കരച്ചിലെങ്കിലും മതി.!

(കവി ഫായിസ് അഹ്മദ് ഫായിസിന്റെ വരികളോട് കടപ്പാട്)