About


ആത്യന്തികമായി ഒരു പച്ചപാവം. വലിയ വായില്‍ എഴുതുമെന്നല്ലാതെ വായാടിത്തമില്ലാത്ത ക്ലീഷെ ബുദ്ധിജീവി. ക്ലീഷെ എന്നത് കൊണ്ട് താങ്കളെന്താണുദ്ദേശിച്ചതെന്നൊ ബുദ്ധിജീവിയെന്ന് വിശേഷിപ്പിക്കാന്‍ മാത്രം എന്ത് !@#$%^ത്തിലെ യോഗ്യതയാണ് തനിക്കുള്ളതെന്നോ - -  തുടങ്ങിയ കാര്യപ്രസക്തമായ ചോദ്യങ്ങള്‍ കൊണ്ട് എന്നെ ചോദ്യം ചെയ്യാന്‍ വന്നേക്കരുത്. പറഞ്ഞില്ലെ.. ആളൊരു പാവമാണ്. ;)

കൃത്യം പറഞ്ഞാല്‍ പോയ നൂറ്റാണ്ടിലാണ് ജനിച്ചത്. രണ്ടായിരത്തി പതിമൂന്നില്‍ സില്‍‌വര്‍ ജൂബിലി. ചായ സ്വന്തമായി ഉണ്ടാക്കി കുടിക്കാറാണ് ഇപ്പോഴും പതിവ്. ചായയില്‍ മധുരത്തോടൊപ്പം അല്പം മുഹബ്ബത്ത് കൂടി ചേര്‍ത്തിട്ടുണ്ട്. ;).

വലിയ പഠിപ്പൊന്നുമില്ല. ഒഴുക്കിന് പഴമക്കാര്‍ പറയുന്ന പോലെ പത്താം ക്ലാസും ഗുസ്തിയും. ആസ്തമയുടെ സുഖക്കേടുണ്ട്, ഗുസ്തികൂടാന്‍ വരരുത്. മകന്‍ ഉന്നതിയിലെത്തണമെന്ന ആശ നിറവേറ്റാന്‍ പേരുകേട്ട രണ്ടിടത്ത് കൊണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. എന്തിലും സൗന്ദര്യം കണ്ടെത്തുന്ന കുഷാഗ്ര ചിന്താഗതിക്ക് അടിമപ്പെട്ടത് കൊണ്ട് ഗ്രാഫിക് ഡിസൈന്‍ ഒരു കരവിരുതായി തിരഞ്ഞെടുത്തു. പറഞ്ഞ സമയത്ത് ഏല്പിച്ച പണി ചെയ്ത് കൊടുത്ത ചരിത്രമില്ലെങ്കിലും ആവതും മികവില്‍ ചെയ്ത് കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. വ്യത്യസ്തമായ ഒരു കല കാഴ്ച്ച വെക്കാന്‍ കഴിഞ്ഞതിന്റെ അഹങ്കാരമുണ്ടെന്ന് ഇടക്ക് സ്വയം തോന്നാറുണ്ട്.

വലിയ സ്വപ്നങ്ങളൊന്നുമില്ല. ഉറ്റതെന്ന് പറയാന്‍ കൂട്ട് വിരലിലെണ്ണി തീരും. കൂട്ടിനൊപ്പം,  ഉള്ളത് വെച്ച് ഇച്ചിരി ഓണം ഉണ്ണണം. അത്രെയൊക്കെയുള്ളു സമ്പാദ്യമെന്നൊ മോഹമെന്നൊ ഒക്കെ പറയാന്‍....

ബാക്കിയൊക്കെ കേട്ട പോലെ.. കണ്ട പോലെ...

No comments:

Post a Comment