Tuesday, December 4, 2012

ഡ്യൂട്ടി

വീണ്ടും ഡ്യൂട്ടി..... 
ഇനിയും അവധിയും, 
ഇനിയും സ്നേഹം പറയുന്ന 
ചില യാത്രകളും, 
കൂട്ടും വരാനിരിക്കുന്നുവെന്ന
പ്രതീക്ഷയായിരിക്കും,
ഓരോ പ്രവാസിയിലും
ഒരു ജീവിതമുണ്ടെന്നതിന് തെളിവ്!
ഡ്യൂട്ടി ആശംസകള്‍! !!!!!!!!!!

Thursday, November 22, 2012

മാപ്പ്!

നോവെന്തന്നറിയും മുമ്പ്
കൊലവെറിയന്മാരുടെ കൈയ്യിനാല്‍
ചിന്നിച്ചിതറി
ലോകത്തോട് വിടപറഞ്ഞ
ഗസ്സയിലെ ബാല്യമേ,

മാപ്പ്!

തണുത്തുറഞ്ഞ് പോയ
എന്‍ രക്തത്തിന്
അല്പമെങ്കിലും ചൂടും
ഉണര്‍‌വും പകരാന്‍
നിന്റെ ചുടുചോര
തന്നെ ഹേതുവായെന്ന്
വേദനയോടെ
ഞാനറിയുന്നു.

പൊറുത്തേക്കണം
കുഞ്ഞുങ്ങളെ...

കണ്ണുനീരല്ല
കണ്ണിലെ
പ്രതിഷേധിക്കാനുള്ള
വീറാണ്
പോരാട്ടത്തെ
വീരചരിതമാക്കുന്നതെന്ന്
വികൃതമായ,
ചേതനയറ്റ നിന്റെ-
പിഞ്ചു ശരീരം തന്നെ
വേണ്ടിവന്നുവെന്ന്......

നിങ്ങളത്രെ ഭാഗ്യര്‍..,,,

പൊറുത്തേക്കണം
കുഞ്ഞുങ്ങളെ...!

Wednesday, November 21, 2012

ത്രിവര്‍ണ്ണം


താക്കറെ മരിച്ചു.
കസബിനെ തൂക്കികൊന്നു.
താക്കറെയെ ദൈവം - എടുത്തു.
കസബിനെ ഇന്ത്യ - എടുത്തു.
താക്കറെ 'കൊന്നിട്ടേയില്ല'ന്ന്;
കസബ് 'കൊന്നു'ന്ന്.
കാവിയെന്നും
പച്ചയെന്നും
നിറം.
പിടഞ്ഞും
ചിന്നിച്ചിതറിയും പോയ
മനുഷ്യരായിരുന്നിരിക്കണം
ഇടയിലെ വെണ്‍‌മ!

Tuesday, November 20, 2012

ഓണത്തിന്


എനിക്കൊന്നേ ഉള്ളു.
എന്നും ഒന്നായി
ഇങ്ങനെ കഴിയണം.
ഒന്നുല്ലെങ്കിലും
ഓണം കഴിക്കാന്‍
നല്ലോണം ഒരുമയുണ്ടായാല്‍
മതിയെന്നാണ്
ഉമ്മ
എപ്പോഴും പറയുവ.

എനിക്കൊന്നേ ഉള്ളു.
എന്നും ഒന്നായി
ഇങ്ങനെ കഴിയണം.

Sunday, November 18, 2012

നല്ലത്

താക്കറെ മരിച്ചത്രെ. 
നല്ല മനുഷ്യനായിരുന്നത്രെ. 
ഞാനിന്നലെയാണറിഞ്ഞത്. 
നല്ല മനുഷ്യന്‍ മാത്രമല്ല. 
ഉപദ്രവകാരിയല്ലാത്ത 
ശാന്തപ്രകൃതനായ 
തങ്കപ്പെട്ട സ്വഭാവമുള്ള, 
മൂംബായിലേട്യോ ജീവിച്ച 
ഒരു പാവം ഫഖീര്‍!.
ഞാനിന്നലെയാണറിഞ്ഞത് - 
നല്ല മനുഷ്യനായിരുന്നത്രെ!

Wednesday, November 14, 2012

ശിശുദിനം


കുഞ്ഞു നാളില്‍ കഥകള്‍ പറഞ്ഞ്,
ഉമ്മൂമ്മാടെ മാറില്‍ ചാഞ്ഞ്
ചുക്കിചുളിഞ്ഞ കവിളില്‍ നിന്നൊരു
മുത്തവും കിട്ടിയാണത്രെ
കുട്ട്യോളൊറങ്ങിയിരുന്നേ...
അവധിക്ക് നാട്ടില്‍ പോകുമ്പോള്‍
വെല്ല്യുമ്മ തന്ന്യാ പറഞ്ഞത്.

തിരിച്ച് പറക്കുമ്പോള്‍
വിട്ടുപടികള്‍ ഇറങ്ങാന്‍ നേരം,
'പോയല്ലെ പറ്റൂ'ന്ന് പറഞ്ഞ്
കെട്ടിപ്പിടിച്ച് ഒരു മുത്തമുണ്ട്....
കാതിലെ കുലുസിന്റെ തണുപ്പും,
ചുളിഞ്ഞ കവിളുകളുടെ നിര്‍ലോമതയും,,,
കണ്ണീരിന്റെ നനവും...

ഇനിയും തിരിച്ചൊരു
അവധിയെ കുറിച്ച് ആലോചിക്കുമ്പോള്‍
ആ സ്നേഹത്തിന്റെ നിറപുഞ്ചിരിയാണ്
ഓര്‍മ്മ വരുന്നത്.
കാതില്‍ മുഴങ്ങുന്നത്
പോയല്ലെ പറ്റൂ-ന്നുള്ള
ഒരായിരം അര്‍ത്ഥങ്ങളുള്ള പറച്ചിലാണ്.

ലോകത്ത് സ്നേഹം വറ്റിപോകുന്നത്
സ്നേഹത്തിന്റെ ആ സാഗരങ്ങള്‍
ഒറ്റപ്പെട്ട് പോയത് കൊണ്ടായിരിക്കുമെന്ന്
പലപ്പോഴും തോന്നാറുണ്ട്...! -

എന്റെ എല്ലാ കുഞ്ഞുകൂട്ടുകാര്‍ക്കും -
ശിശുദിന സന്തോഷങ്ങള്‍ !!!

Wednesday, October 31, 2012

കാവ്യനീതി


പനിയും
ജലദോഷവും
തലവേദനയും,
ശരീരമാസകലം
മൊത്തത്തിലൊരു വേദനയും.

ഇല്ലെന്നു പറഞ്ഞാല്‍ മാത്രം പോരാ,,,
ഇല്ലത്തെ അടുക്കളയില്‍
പുക ഉയരരുതെന്നും വേണമെന്ന്
പറയുന്നതിനായിരിക്കും (?)

പിന്‍‌കുറി:
സുഖക്കേട് ഒരു വശത്ത്.
വാലിഡിറ്റി തീര്‍ന്ന
ഇന്‍ഷുറന്‍സ് കാര്‍ഡ്
രണ്ടു വാരം കഴിഞ്ഞേ
പുതുക്കി കിട്ടുവെന്നത്
മറ്റൊരു വശം.

എന്തൊരു കാവ്യനീതി അല്ലെ!

Tuesday, May 29, 2012

കിടപ്പ് വശം


ടി.പിയെ കൊന്നു, അതിന് ഞാനെന്ത് വേണം! ടി.പി എനിക്കാരുമല്ലല്ലൊ... ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല താനും. ........... പെട്രോളിന് വില കൂടി, അതിന്....? എനിക്കെന്ത്?? ...

എനിക്ക് ജോലി ദേ... ആ കാണുന്ന ഹോണ്ട ഷോറൂമിന്റെ അടുത്താണ്. അഞ്ച് മിനുട്ട് നടക്കാനുള്ള ദൂരം മാത്രം........ പിന്നെ ഇടക്കിടെ അവിടെം ഇവിടെം ഒന്നും രണ്ടും കൊന്നുവെന്ന് വെച്ച്... സാധനങ്ങള്‍ക്കൊക്കെ ഒരു അമ്പത് പൈസയൊ രൂപയോ കൂടിയെന്ന് വെച്ച് ഞാനെന്തിന് വേവലാതിപെടണം?? ...............................

ഇന്നലെ ഉച്ചതിരിഞ്ഞ് ജോലി കഴിഞ്ഞ് വരുന്ന വഴി എ.ടി.എമ്മില്‍ കയറി ശമ്പളം മുഴുവനെടുത്തു. ബ്ലാക്ക്ബെറി മാറ്റി ഗാലക്സി നോട്ടാക്കണമെന്ന് കുറെ കാലമായി ആലോചിക്കുന്നു.

ഇമാനുഅല്‍ സില്‍ക്സ് കഴിഞ്ഞുള്ള ഇടവഴിയിലൂടെ കുറച്ച് ദൂരം നടന്നത് മാത്രം ഓര്‍മ്മയുണ്ട്. പിന്നെ ബോധം വരുമ്പോള്‍ അമ്മ അടുത്തിരുന്ന് മോനെ, തേനെ എന്ന് പറഞ്ഞ് കരയുന്നു. തലയില്‍ അസഹ്യമായ വേദനയും.

"ചേട്ടാ,, എന്നെ എന്തെങ്കിലും തന്നങ്ങ് ഒഴിവാക്ക്, ഇരുട്ടും മുമ്പ് കൂടണയണം. ."

"എന്തോന്ന്,, നൂറ് ഉരുവയോ? ഞാനിവിടെ സമയത്തിന് എത്തിച്ചില്ലേല്‍ കാണാമായിരുന്നു പൂരം."

"അഞ്ഞൂറും മതിയാകത്തില്ല.... നല്ല കാശുള്ള കൊച്ചായിരിക്കും,,, എങ്ങിനെയെങ്കിലും ജീവിക്കട്ട് എന്ന് കരുതിയാ ഞാനിവിടം വരെ ഓടിച്ച് ആക്കിയത്. .. ഷ്യൊ.. പെട്രോളിനൊക്കെ ഇപ്പൊ എന്നാ വെലയാ...!..."

....

പിന്‍‌കുറി:

കിട്ടിയ ശമ്പളം മൊത്തം മുതുകത്തടിച്ചവന്‍ അടിച്ച് കൊണ്ട്പോയി, ജീവന്‍ തിരിച്ചു നല്‍കാന്‍ സഹായിച്ചവന് ആയിരവും. പിന്നെ ഹോസ്പിറ്റല്‍ ബില്ലും. നാലഞ്ച് ദിവസം ഇവിടെ കിടന്ന് പണിയൊന്നുമില്ലാത്തത് കൊണ്ട് പത്രം വായിച്ചപ്പോഴല്ലെ കാര്യങ്ങളുടെ കിടപ്പറിയണത്.

ടി.പിയെ കൊന്നത് അങ്ങേയറ്റം വേദനാജനകമാണ്.!!! ഇന്ധന വില വര്‍‌ദ്ധന തികച്ചും തെറ്റായ ഒരു നടപടിയാണ്. !!!

Monday, August 15, 2011

മതവും ജീവനും

ആദ്യമവര്‍ കൊന്നതെന്‍-
മതത്തെയായിരുന്നു. 
പതിയെ 
എന്‍ ജീവിതത്തെയും 
ഒടുക്കം; 
രണ്‍ടുമവര്‍ 
പ്രണയത്താല്‍ പൊതിഞ്ഞ്‌, 
പൊതു ദറ്‍ശനത്തിനുവെച്ചു; 
ഇന്നലെയായിരുന്നു 
സംസ്കാരം!

പുതുജീവിതാശംസകള്‍!!


യുഗങ്ങളുടെ കൈമാറ്റം നടന്നു കൊണ്ടിരിക്കുകയാണ്‌. 
ഹിജ്റ 1430പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. 
ക്രിസ്താബ്ദം 2010 ആണ്ട് ഏതാനും ദിവസങ്ങള്‍ക്കകം പിറക്കും
മറ്റു ചില കലണ്ടറുകളും ഒരു പുതിയ തുടക്കത്തിനായി 
കാതോര്‍ക്കുന്നു/ കാതോര്‍ത്തു കഴിഞ്ഞു.


കാലം പോയി കൊണ്ടേയിരിക്കുന്നു. 
വര്‍ത്തമാനത്തിന്‍‌റ്റെ കെട്ടുപാടുകള്‍ ഭേദിച്ച്
ഭാവിയിലേക്കുള്ള ചുവടുകള്‍ നിമിത്തം 
"ചരിത്രം കുറിച്ച്" ഈ യാത്ര
തുടങ്ങിയതെപ്പോഴെന്ന് 
ഒടുങ്ങുന്നതെപ്പോഴെന്ന്
എനിക്കറിയില്ല,
നിനക്കും.


നമുക്കൊരു പുതിയ താള്‍ തന്നെ തുറന്നിടാം
തീണ്ടുന്ന ചരിത്രത്തിനു പിന്നില്‍ 
ചികഞ്ഞു പോകാതെ;
അലോസരപ്പെടുത്തുന്ന വര്‍ത്തമാനത്തിന്
താലോലം കൊടുക്കാതെ;
ഇനിയും പിറക്കാത്ത ഭാവിയില്‍
അസ്വസ്ഥനാകാതെ;


ഒരു പുത്തനുണ൪വിനു കൊതിക്കുന്നില്ലെ?
ഞാനും നീയും.


കെട്ടു പിണഞ്ഞു കിടക്കുന്ന 
ജീവിതമെന്ന ഊരാകുടുക്കില്‍ നിന്നും മോചനം
മരണമാണെന്ന് പലരും തീരുമാനിച്ചു.


ചീഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന
അന്തരീക്ഷത്തില്‍
സംസ്കാരമാകും ഉടുതുണി അഴിക്കാത്ത
നാളെയെന്ന പ്രതീക്ഷ തൂങ്ങി മരിച്ചിട്ടില്ലാത്ത




ഒരാള്‍ കൂടി ബാക്കിയുണ്ട്.


അതു ഞാനായിരിക്കാം


നീയായിരിക്കാം.


ജീവിതമാകുന്ന മരുഭൂവില്‍
ദൈവകാരുണ്യത്തിന്‍‌റ്റെ മരത്തണലിലേക്ക്
നമുക്ക് മാറി നില്‍ക്കാം.




<പുതുജീവിതാശംസകള്‍>

എഴുത്തുകാര്യം


കഥ:
നിരര്‍ത്ഥകമാം വാക്കുകള്‍
മിഥ്യയാം വാക്യങ്ങളെ
കല്യാണം കഴിച്ചു;
മക്കളായത്‌ കഥ,
പേരമക്കളായത്‌ ചെറുകഥ,
മക്കളില്ലതെ പോയത്‌ മിനികഥ.


കവിത:
കഥയെ
മാനഭംഗപ്പെടുത്തി
ബലാത്സംഗം ചെയ്ത-
രിഞ്ഞു നുറുക്കി
ഉച്ഛിഷ്ടം
മടങ്ങവെ;
വഴിയില്‍ വിതറിയത്‌.


ജീവിതം:
കഥയ്ക്കും കവിതയ്ക്കും
പ്രാണന്‍ കിട്ടുംബോള്‍
കിട്ടുന്ന നൂറും മറ്റും
മഞ്ഞച്ചുരുളാകണമേയെന്ന
പ്രതീക്ഷ...
മോഹം..
പ്രാര്‍ഥന.
***