Tuesday, May 29, 2012

കിടപ്പ് വശം


ടി.പിയെ കൊന്നു, അതിന് ഞാനെന്ത് വേണം! ടി.പി എനിക്കാരുമല്ലല്ലൊ... ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല താനും. ........... പെട്രോളിന് വില കൂടി, അതിന്....? എനിക്കെന്ത്?? ...

എനിക്ക് ജോലി ദേ... ആ കാണുന്ന ഹോണ്ട ഷോറൂമിന്റെ അടുത്താണ്. അഞ്ച് മിനുട്ട് നടക്കാനുള്ള ദൂരം മാത്രം........ പിന്നെ ഇടക്കിടെ അവിടെം ഇവിടെം ഒന്നും രണ്ടും കൊന്നുവെന്ന് വെച്ച്... സാധനങ്ങള്‍ക്കൊക്കെ ഒരു അമ്പത് പൈസയൊ രൂപയോ കൂടിയെന്ന് വെച്ച് ഞാനെന്തിന് വേവലാതിപെടണം?? ...............................

ഇന്നലെ ഉച്ചതിരിഞ്ഞ് ജോലി കഴിഞ്ഞ് വരുന്ന വഴി എ.ടി.എമ്മില്‍ കയറി ശമ്പളം മുഴുവനെടുത്തു. ബ്ലാക്ക്ബെറി മാറ്റി ഗാലക്സി നോട്ടാക്കണമെന്ന് കുറെ കാലമായി ആലോചിക്കുന്നു.

ഇമാനുഅല്‍ സില്‍ക്സ് കഴിഞ്ഞുള്ള ഇടവഴിയിലൂടെ കുറച്ച് ദൂരം നടന്നത് മാത്രം ഓര്‍മ്മയുണ്ട്. പിന്നെ ബോധം വരുമ്പോള്‍ അമ്മ അടുത്തിരുന്ന് മോനെ, തേനെ എന്ന് പറഞ്ഞ് കരയുന്നു. തലയില്‍ അസഹ്യമായ വേദനയും.

"ചേട്ടാ,, എന്നെ എന്തെങ്കിലും തന്നങ്ങ് ഒഴിവാക്ക്, ഇരുട്ടും മുമ്പ് കൂടണയണം. ."

"എന്തോന്ന്,, നൂറ് ഉരുവയോ? ഞാനിവിടെ സമയത്തിന് എത്തിച്ചില്ലേല്‍ കാണാമായിരുന്നു പൂരം."

"അഞ്ഞൂറും മതിയാകത്തില്ല.... നല്ല കാശുള്ള കൊച്ചായിരിക്കും,,, എങ്ങിനെയെങ്കിലും ജീവിക്കട്ട് എന്ന് കരുതിയാ ഞാനിവിടം വരെ ഓടിച്ച് ആക്കിയത്. .. ഷ്യൊ.. പെട്രോളിനൊക്കെ ഇപ്പൊ എന്നാ വെലയാ...!..."

....

പിന്‍‌കുറി:

കിട്ടിയ ശമ്പളം മൊത്തം മുതുകത്തടിച്ചവന്‍ അടിച്ച് കൊണ്ട്പോയി, ജീവന്‍ തിരിച്ചു നല്‍കാന്‍ സഹായിച്ചവന് ആയിരവും. പിന്നെ ഹോസ്പിറ്റല്‍ ബില്ലും. നാലഞ്ച് ദിവസം ഇവിടെ കിടന്ന് പണിയൊന്നുമില്ലാത്തത് കൊണ്ട് പത്രം വായിച്ചപ്പോഴല്ലെ കാര്യങ്ങളുടെ കിടപ്പറിയണത്.

ടി.പിയെ കൊന്നത് അങ്ങേയറ്റം വേദനാജനകമാണ്.!!! ഇന്ധന വില വര്‍‌ദ്ധന തികച്ചും തെറ്റായ ഒരു നടപടിയാണ്. !!!

1 comment: